വേനൽചൂട് കൂടുന്നു:ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ…
- ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാൻ ശ്രമിക്കുക.
- തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാൻ ശ്രദ്ധിക്കുകയും വേണം. പരിപാടികൾ സംഘടിപ്പിക്കുന്നവർ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം.
3. ഇളം നിറത്തിലുള്ള കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം. നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം.
- ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിയുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം.
പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ തയ്യാറെടുപ്പ് നടത്തണം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളുമായി കൂടുതൽ ആളുകൾ ഒരുമിച്ച് എത്തിയാലും ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകൾ. ആംബുലൻസുകൾ സജ്ജീകരിച്ച് നിർത്തേണ്ടതുമാണ്. വലിയ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷ (First Aid) നൽകാനുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തണം.