വൈകുന്നേരം 6 മണി മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കുക: കെഎസ്‌ഇബി

കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജല സംഭരണികളില്‍ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ച് ഉയരുകയാണ്. വൈകുന്നേരം 6 മണി മുതല്‍ 11 മണി വരെയുള്ള സമയത്തെ വര്‍ദ്ധിച്ച ആവശ്യകതക്ക് അനുസൃതമായി സംസ്ഥാനത്തിന് പുറത്ത് നിന്നും വലിയ വില നൽകി വൈദ്യുതി വാങ്ങി വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

രാജ്യവ്യാപകമായി നിലവിലുള്ള കല്‍ക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത വിലകൂടിയ കല്‍ക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവും കാരണം താപ വൈദ്യുതിക്ക് വില നിലവില്‍ വളരെ കൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തില്‍ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും.

ഇസ്തിരിപ്പെട്ടി, വാട്ടര്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മുതല്‍ 11 വരെ ഉപയോഗിക്കരുത്. ഇതുവഴി ഈ പ്രതിസന്ധി നേരിടാന്‍ കഴിയും. വസ്ത്രങ്ങള്‍ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകല്‍ സമയത്തോ രാത്രി 11 മണിക്ക് ശേഷമോ ആക്കി ക്രമീകരിക്കുക. വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം. കെഎസ്‌ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.