വോളിബോള്‍ താരം അന്‍ജിതയുടെ ചികിത്സാ ചെലവ് 1.10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം:പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്‍ജിതാ എന്‍.ബിയുടെ ചികിത്സയ്ക്ക് ചെലവായ 1.10 ലക്ഷം രൂപ കായിക വകുപ്പ് നല്‍കും. വിശ്രമത്തിന് ശേഷം കളത്തില്‍ മടങ്ങിവരാനുള്ള പ്രതീക്ഷകള്‍ സജീവമാകുമ്പോഴാണ് സര്‍ക്കാര്‍ ധനസഹായവും ആശ്വാസമായി താരത്തെ തേടിയെത്തുന്നത്. ചികിത്സയ്ക്ക് ചെലവായ 1,10,327 രൂപ കായിക വികസന നിധിയില്‍ നിന്നാണ് നല്‍കുക. തുക അനുവദിക്കാന്‍ കായിക യുവജനകാര്യ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറത്തിറങ്ങി.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശിനിയാണ് അന്‍ജിത. കൃഷിപ്പണിക്കാരനായ പിതാവ് ബാബുവും അമ്മയും വിദ്യാര്‍ഥികളായ രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് അന്‍ജിതയുടെ കുടുംബം. ദേശീയ സ്‌കൂള്‍ ഗെയിംസിലും, ജൂനിയര്‍ വിഭാഗത്തിലും കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെ 2019 ലാണ് കോര്‍ട്ടില്‍ വീണ് കാലിന് പരിക്കേറ്റത്. ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇപ്പോള്‍ അസംപ്ഷന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിഎ എക്‌ണോമിക്‌സ് വിദ്യാര്‍ഥിനിയാണ്.