വ്യാപക മഴയ്ക്ക് സാധ്യത: കണ്ണൂരിലെ വിദ്യാലയങ്ങൾക്ക് ഇന്നും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ മുന്നറിയിപ്പ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമാണ്. കോളജുകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ മഴ ശക്തമാണ്
ഗുജറാത്ത് തീരം മുതൽ കർണ്ണാടക തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഒഡീഷക്കും ഛത്തിസ്ഗഡിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.