ശബരിമലയിൽ ഇന്ന് മണ്ഡലപൂജ

ശബരിമലയില്‍ മണ്ഡലപൂജ ചടങ്ങുകൾ ഇന്ന് നടക്കും. അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര ഇന്നലെ സന്നിധാനത്ത് എത്തിയിരുന്നു.

മണ്ഡല പൂജയ്ക്ക് ശേഷം വൈകിട്ട് ഹരിവരാസനത്തോടെ നട അടയ്ക്കും. തുടർന്ന് ഡിസംബർ 30ന് മകരവിളക്ക് ഉത്സവത്തിനായി നടതുറക്കും.

41 ദിനം നീണ്ട മണ്ഡലകാലത്തിനാണ് ഇന്ന് നടക്കുന്ന മണ്ഡലപൂജയോടെ പരിസമാപ്തി കുറിക്കുന്നത്. രാവിലെ 11.40നും 12.20നും മദ്ധ്യേയുള്ള മുഹൂർത്തിലാവും അയ്യപ്പന് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ ചടങ്ങുകൾ നടക്കുക.

5 മണിക്ക് നടതുറന്ന ശേഷം 10 മണിയോടെ നെയ്യഭിഷേകം അടക്കമുള്ള നിത്യ പൂജകൾ അവസാനിക്കും. പ്രത്യേകം പൂജിച്ച കലശങ്ങള്‍ ആടിയശേഷം കളഭാഭിഷേകത്തിന് ഒടുവില്‍ തങ്കഅങ്കിചാർത്തിയുള്ള പൂജപൂർത്തിയാകുന്നതോടെ മണ്ഡലപൂജ അവസാനിക്കും.

ഡിസംബർ 30ന് മകര വിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും. 31 മുതലാണ് തീർത്ഥാടകർക്ക് പ്രവേശനം. തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പാണ് ഇന്നലെ സന്നിധാനത്ത് ലഭിച്ചത്. തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധനയും ഇന്നലെ നടന്നു.