ശബരിമല മണ്ഡലകാല, മകരവിളക്ക് മഹോത്സവത്തിന് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ പൂര്‍ണ സജ്ജം

ശബരിമല മണ്ഡലകാല, മകരവിളക്ക് മഹോത്സവത്തിന് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ പൂര്‍ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസുകളും, പമ്പയില്‍ നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.

നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി ആദ്യഘട്ടത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 40 ബസുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത് കൂടാതെ ചെങ്ങന്നൂര്‍, എറണാകുളം, കോട്ടയം, റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ എത്തുന്നതിന് വേണ്ടി ആവശ്യാനുസരണം സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

40 പേരില്‍ കുറയാത്ത തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും പമ്പയിലേക്കും തിരിച്ചും സൗകര്യ പ്രദമായ രീതിയില്‍ ചാര്‍ട്ടേഡ് ട്രിപ്പുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതുപോലെ 40 പേരില്‍ കുറയാതെയുള്ള സംഘം ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യുന്ന പക്ഷം 10 കിലോമീറ്ററിനകത്തുള്ള ചുറ്റളവില്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സൗകര്യത്തിനായി യാത്രാ നിരക്കിന് ഉപരിയായി 20 രൂപ അധികമായി ഈടാക്കും.

തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി തിരുവനന്തപുരം- പമ്പ സ്‌പെഷ്യല്‍ സര്‍വീസിനും, കൊല്ലം -പമ്പ സ്‌പെഷ്യല്‍ സര്‍വീസിനും ഓണ്‍ലൈന്‍ ബുക്കിഗും ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ (online.keralartc.com) വെബ്‌സൈറ്റ് വഴിയും ,എന്റെ കെഎസ്ആര്‍ടിസി മൊബൈല്‍ (Ente KSRTC) ആപ്പുവഴിയും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.