ശിശുദിനാഘോഷം : വിവിധ മത്സരങ്ങളുമായി തപാല്‍ വകുപ്പ്

നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ കത്തെഴുത്ത്, ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്റെ പോസ്റ്റ് ഓഫീസ്, എന്റെ പോസ്റ്റ്മാന്‍, എന്റെ വിദ്യാലയം എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി എഴുതിയ കത്തുകളും ചിത്രങ്ങളും പോസ്റ്റല്‍ സൂപ്രണ്ട്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ -670001 എന്ന വിലാസത്തില്‍ നവംബര്‍ 20 നകം ലഭിക്കണം. പോസ്റ്റ് കാര്‍ഡ്, ഇന്‍ലന്‍ഡ്, A4 സൈസ് കടലാസ് എന്നിവയില്‍ തയ്യാറാക്കിയ കത്തുകളും ചിത്രങ്ങളും സാധാരണ തപാല്‍ അല്ലെങ്കില്‍ ഇ-പോസ്റ്റ് വഴി അയക്കാം. പേര്, വയസ്സ്, വിലാസം, രക്ഷാകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. സാധാരണ തപാല്‍, ഇ-പോസ്റ്റ് എന്നിവയ്ക്ക് വെവ്വേറെ സമ്മാനങ്ങളുണ്ട്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകളിലും ഇ-പോസ്റ്റ് സൗകര്യം ലഭ്യമാണ്. ബ്രാഞ്ച് പോസ്റ്റ് ഓഫീസുകള്‍ വഴിയും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ചിത്രങ്ങളുടെ പകര്‍പ്പാണ് ഇ-പോസ്റ്റ് വഴി അയക്കുക. ഒറിജിനല്‍ തിരിച്ചുനല്‍കും. ഏറ്റവും നല്ല മൂന്ന് കത്തുകള്‍ക്കും ചിത്രങ്ങള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കും. സമ്മാനം നേടുന്ന കത്തുകളിലും ഒറിജിനല്‍ ചിത്രങ്ങളിലും കണ്ണൂരിലെ കലാസാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രശസ്തരായവരുടെ ഓട്ടോഗ്രാഫ് നേടാനും അവസരമൊരുക്കും.
നവംബര്‍ 20 വരെയുള്ള തീയതികളില്‍ സുകന്യ സമൃദ്ധി അക്കൗണ്ട്, മൈസ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് എന്നീ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ തൊട്ടടുത്ത പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്. നവംബര്‍ 20 വരെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഈ കാലയളവില്‍ സുകന്യ സമൃദ്ധി അക്കൗണ്ട്, മൈസ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് എന്നീ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരമുണ്ട്. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതികളെക്കുറിച്ച് കുട്ടികളിലും മുതിര്‍ന്നവരിലും ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.