ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഐഡിയല്‍ കൂള്‍ ബാര്‍ ഉടമയും ഷവര്‍മ മേക്കറുമാണ് അറസ്റ്റിലായത്. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്.
മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഐഡിയൽ കൂൾബാറിൻ്റെ വാൻ പുലർച്ചെ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിൻ്റെ വടക്കു ഭാഗത്ത് റോഡിനോട് ചേർന്ന് നിർത്തിയിട്ട സ്ഥലത്താണ് വാൻ കത്തിയനിലയിൽ കണ്ടത്. ആരാണ് വാന്‍ കത്തിച്ചത് എന്ന് സൂചനയില്ല, സിസിടിവി പരിശോധിക്കും.
അതേ സമയം ഷവർമ വിറ്റ കൂൾ ബാറിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസില്ല. ജനുവരിയിൽ ഇവർ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വെബ്സൈറ്റിൽ അപേക്ഷ നിരസിച്ചുവെന്നാണ് നിലവിൽ കാണിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസിനുള്ള അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം പിഴവുകൾ തിരുത്തി സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലൈസൻസിനായി നൽകിയ അപേക്ഷയാണു കടയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. “