സംസ്ഥാനം വാക്സീന് വിതരണത്തിന് തയ്യാറായി; 133 കേന്ദ്രങ്ങള്‍ സജ്ജം
തിരുവനന്തപുരം:സംസ്ഥാനം വാക്സീന് വിതരണത്തിന് തയ്യാറായി. 133 കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്ക് ഒരു ദിവസം വാക്സീന് നല്‍കും.
ആദ്യ ദിനം 13,300 പേര്‍ക്കായിരിക്കും വാക്സീന് ലഭിക്കുക. ഏറ്റവും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ എറണാകുളം ജില്ലയിലായിരിക്കും. ഇവിടെ 12 കേന്ദ്രങ്ങളാണ് ഉള്ളത്. തിരുവനന്തപുരം , കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളാണുള്ളത്. ബാക്കി ജില്ലകളില്‍ 9 വീതം കേന്ദ്രങ്ങളായിരിക്കും ഉള്ളത്.
ഈ മാസം 16 മുതല്‍ വാക്സീന് വിതരണം തുടങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 30 കോടി പേര്‍ക്ക് വാക്സീന് ആദ്യഘട്ടം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതില്‍ ആദ്യം കുത്തിവെപ്പ് നല്‍കുന്നത് ഒരു കോടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്.
ഇതിന് ശേഷം കൊവിഡ് മുന്നണി പോരാളികളായ സുരക്ഷ ഉദ്യോഗസ്ഥര്‍ ,ശൂചീകരണ തൊഴിലാളികള്‍ തുടങ്ങി രണ്ടു കോടി പേര്‍ക്ക് നല്‍കും. ഇവര്‍ക്ക് വാക്സീന് സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ബാക്കിയുള്ള 27 കോടി വരുന്നവരെ ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വാക്സീന് നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. അടിയന്തര അനുമതി രണ്ട് വാക്സീനുകള്‍ക്ക് ആണെങ്കിലും ആദ്യം നല്കി തുടങ്ങുക സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവീഷീല്‍ഡാകും .
സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്സീന് ഡോസുകള്‍ രാജ്യത്തെ നാല് മിനി സംഭരണശാലകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ഉത്തരവ് കിട്ടിയാലുടന്‍ വാക്സീന് എത്തിച്ച് തുടങ്ങുമെന്ന് സീറം അറിയിച്ചു.