സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ തിങ്കളാഴ്‌ച വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നാളെ ഓറ‍ഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.