സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 16 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 16 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. പാലക്കാട് എരുമയൂരിൽ സിപിഎം വിമതൻ അട്ടിമറി വിജയം നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മൂന്നാമതായി.

എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനാണ് വിജയം. കൊച്ചി നഗരസഭ 63 വാർഡ് എൽഡിഎഫ് നിലർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവൻ വിജയിച്ചത് 687 വോട്ടുകൾക്കാണ്.

കാഞ്ഞങ്ങാട് നഗരസഭ വാർഡ് 30ൽ യുഡിഎഫിലെ കെ.കെ ബാബു വിജയിച്ചു.

പിറവം നഗരസഭ എൽഡിഎഫ് ഭരണം നിലർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ വിജയിച്ചത് 20 വോട്ടുകൾക്കാണ്.

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് ജയിച്ചു. ലിന്റോ ജോസഫ് തിരുവമ്പാടി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ഇരിങ്ങാലക്കുട ചാലാംപാടം 18-ാം വാർഡ് യുഡിഎഫിന്. യുഡിഎഫ് സ്ഥാനാർഥി മിനി ചാക്കോള വിജയിച്ചു. 151 വോട്ടിനാണ് വിജയം.