സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്: 4 ഡിഗ്രി വരെ താപനില ഉയരാം; 7 ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ 38°C വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37°C വരെയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഏപ്രിൽ 23 ന് ഈ ജില്ലകളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.