സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണം

കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണം കർശനമാക്കി.

പൊതുപരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികൾക്ക് നൂറിലധികം പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വിവാഹ ചടങ്ങുകൾക്കടക്കം ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കാൻ നിർദ്ദേശിക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദ്ദേശിക്കണമെന്നും ഉന്നതതല യോഗത്തിൽ അഭിപ്രായം ഉയർന്നു. ഷോപ്പിങ് ഫെസ്റ്റിവലുകൾ, ഷോപ്പിങ് മാളുകളിൽ നടക്കുന്ന വിൽപ്പന മേളകൾ എന്നിവ നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശിക്കും.