സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്.

കേരളത്തിൽ ഇന്നലെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസാണ്. തൃശ്ശൂർ പീച്ചിയിൽ 42.4 ഡിഗ്രി സെൽഷ്യസും പാലക്കാട് മലമ്പുഴ ഡാമിൽ 43.3 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില രേഖപ്പെടുത്തി. 14 ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളിലാണ് നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന താപനില രേഖപ്പെടുത്തിയത്.