സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15.43 ശതമാനത്തിന്റെ വർധന.
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15.43 ശതമാനത്തിന്റെ വർധന. 2022 മാർച്ച് 31-ന് 38,120 രൂപയായിരുന്ന പവൻ വില 2023 മാർച്ച് 31 ആയപ്പോഴേക്കും 44,000 രൂപയിലെത്തി; 5,880 രൂപയുടെ വർധന. 2021-22-ൽ 5,240 രൂപയുടെ വർധന രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്.
മാർച്ച് മാസത്തിലായിരുന്നു സ്വർണ വിലയിൽ ഏറ്റവും വലിയ മാറ്റങ്ങൾ പ്രകടമായത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി, എണ്ണ വിലയിലെ ചാഞ്ചാട്ടം, സ്വിസ് ബാങ്കിന്റെ തകർച്ച, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നു തുടങ്ങിയ വാർത്തകളാണ് സ്വർണ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരാൻ ഇടയാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 16-ലെ 36,640 രൂപയാണ്. ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മാർച്ച് 18-ലെ 44,240 രൂപയും. അന്ന് ഒറ്റ ദിവസം 1,200 രൂപ വർധിച്ചാണ് റെക്കോഡ് നിലവാരത്തിൽ സ്വർണ വില എത്തിയത്.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച പവന് 240 രൂപ വർധിച്ചാണ് 44,000 രൂപയിലെത്തിയത്. ഗ്രാമിന് 30 രൂപ കൂടി വില 5,500 രൂപയിലും എത്തി. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനി തങ്കത്തിന് 1,980.80 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. പുതിയ സാമ്പത്തിക വർഷത്തിലും സ്വർണ വിലയിൽ വലിയ ചലനങ്ങൾ പ്രകടമാകും എന്നാണ് വിപണി വിലയിരുത്തൽ.