സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവർ മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകൻ മധു സി നാരായണൻ ഏറ്റുവാങ്ങി.

സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നിവിൻ പോളി, അന്ന ബെൻ, പ്രിയംവദ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 53 അവാർഡുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. വൈകിട്ട് ആറിന് ടാഗോർ തിയറ്ററിൽകോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പുരസ്കാര വിതരണം

വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് അവാർഡുകൾ സമ്മാനിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലാമൂല്യത്തിന്റെ കാര്യത്തിലും പ്രമേയത്തിലെ പുരോഗമന മൂല്യത്തിന്റെ കാര്യത്തിലും മികവുപുലർത്തിയ ചലച്ചിത്ര പ്രവർത്തകരെയാണ് ഇത്തവണയും ആദരിക്കുന്നത്.

സ്ത്രീകളുടെ ചെറുത്തുനിൽപ്പും ആദിവാസികളുടെ പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ അവാർഡ് ലഭിച്ച സിനിമകളിൽപ്പെടുന്നു. അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ കലാപരമായ പരിവർത്തനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്ത പ്രതിഭയാണ് ജെ സി ഡാനിയേൽ പുരസ്കാരം നേടിയ ഹരിഹരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.