സംസ്ഥാനത്ത് 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ ഇതുവരെ 30,000ത്തോളം സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചു. താല്‍ക്കാലിക തസ്തിക കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് ആയുധം നല്‍കേണ്ടെന്നു കരുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തുടര്‍ഭരണം ഉണ്ടായാല്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി താല്‍ക്കാലികക്കാരായി ജോലി ചെയ്യുന്നവരെ കൈയൊഴിയില്ല. ഭാവിയില്‍ അവര്‍ക്ക് നിയമനം ലഭിക്കും. തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത്- മുഖ്യമന്ത്രി വിശദീകരിച്ചു.
നിയമനങ്ങള്‍ പിഎസ്സിക്ക് വിടാത്ത ഇടങ്ങളിലെ താല്‍ക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. പലസ്ഥാപനങ്ങളും കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇവരില്‍ 20 വര്‍ഷമായി താല്‍ക്കാലിക്കാരായി ജോലി ചെയ്യുന്നവരുണ്ട്. മാനുഷിക പരിഗണന വച്ചാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.
എന്തോ ചെയ്യാന്‍ പാടില്ലാത്തതു ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ചിലര്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെറുപ്പക്കാര്‍ തെറ്റിദ്ധാരണയോടെ പ്രത്യേക സാഹചര്യത്തില്‍ നില്ക്കുന്നു. ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയുഷ് വകുപ്പിന് കീഴിലുമാണ്.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്ട്രോഎന്ററോളജി ഡിപാര്‍ട്മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകള്‍ അനുവദിക്കുന്നുണ്ട്. 35 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് വേണ്ടി 151 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യും. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കും.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്ബനിയായ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രമീയം സര്‍ക്കാര്‍ അടക്കും. 250547 വീടുകള്‍ക്കായി 8.74 കോടി രൂപയാണ് മൂന്ന് വര്‍ഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സര്‍ക്കാരിന് ചിലവായി വരിക. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്കാന് തീരുമാനിച്ചു.