സനു മോഹൻ കൊല്ലുരിലെ ഹോട്ടലിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച 13കാരി വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താന്‍ മൂകാംബികയില്‍ വ്യാപക തെരച്ചില്‍. മൂകാംബിക കൊല്ലൂരിലെ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞ സനുമോഹനെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു.

സനു മോഹന്‍ പിടിയിലാകുന്നതോടെ വൈഗയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സനു മോഹന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.

പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങള്‍ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകള്‍ നീക്കാനോ ഒളിവില്‍ പോയ പിതാവ് സനുമോഹനെ കണ്ടെത്താനോ പോലീസിനായിരുന്നില്ല.

ആറ് ദിവസമായി മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാലണ് സനുമോഹന്‍ ഉണ്ടായിരുന്നത്. റൂം വാടക നല്‍കാതെ ഇന്നലെ രാവിലെയാണ് സനുമോഹന്‍ ഇവിടെ നിന്ന് കടന്നു കളഞ്ഞത്. ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് കേരള പോലീസ് തിരയുന്ന സനുമോഹനാണിതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്

മൂകാംബികയിലെത്തിയ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം കര്‍ണാടക പോലീസിന്‍റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കര്‍ണാടകയിലെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി.

സനുമോഹന്‍ മൂകാംബികയില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സനുമോഹനെ കണ്ടെത്താന്‍ നാല് ഭാഷകളില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.