സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ബംഗാളിനെ വീഴ്ത്തി കേരളം ചാമ്പ്യന്മാർ

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ബംഗാളിനെ വീഴ്ത്തി കേരളം ചാമ്പ്യന്മാർ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4 എന്ന നിലയ്ക്കാണ് കേരളം ബംഗാളിനെ തോൽപ്പിച്ച്ത്.പെനാൽറ്റി ഷൂട്ടൗട്ടിൽ ലഭിച്ച അഞ്ച് കിക്കുകളും കേരളം വലയിലാക്കിയപ്പോൾ ബംഗാളിന്റെ രണ്ടാം കിക്ക് ക്രോസ്ബാറിൽ തട്ടി തെറിക്കുകയായിരുന്നു.

നേരത്തെ, മത്സരത്തിന്റെ അധിക സമയത്ത് 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ഗോളിലൂടെ ലീഡ് നേടിയ ബംഗാളിനെ 117-ാ൦ മിനിറ്റിൽ ബിബിൻ അജയൻ നേടിയ ഗോളിലൂടെയാണ് കേരളം സമനിലയിൽ പിടിച്ചത്.

ഫൈനലിന്റെ ആവേശം തുടക്കം മുതൽ തന്നെ നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പന്ത് കാലിൽ കിട്ടിയ അവസരങ്ങളിലെല്ലാം ഇരുടീമുകളും ഗോൾ ലക്ഷ്യം വെച്ച് കുതിച്ചതോടെ മത്സരം ഓരോ നിമിഷം കഴിയുംതോറും ആവേശകരമായിക്കൊണ്ടേയിരുന്നു. ഒന്നിന് പുറകെ ഒന്നായി ഇരു ടീമുകളുടെയും ആക്രമണങ്ങൾ എത്തിയതോടെ ഗോൾകീപ്പർമാർക്കും പ്രതിരോധ നിരയ്ക്കും പിടിപ്പത് പണിയാണുണ്ടായിരുന്നത്.സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ അണിനിരന്ന ടീമിനെത്തന്നെയാണ് പരിശീലകൻ ബിനോ ജോർജ് ഫൈനലിലും ഇറക്കിയത്. സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല.