സമര പോരാട്ടങ്ങളുടെ സ്മൃതിയുണര്‍ത്തി പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം

സ്വാതന്ത്ര്യ സമര പോരാട്ട വഴികളില്‍ കൊടിയ മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും ചോരപ്പാടുകള്‍ പതിഞ്ഞ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷനിലെ ഇരുളറകള്‍ ഇനി ഗാന്ധി ചിത്രങ്ങളാല്‍ പ്രകാശമാനമാകും. ദേശീയ പ്രസ്ഥാനത്തിനായി പൊരുതിയ വിപ്ലവകാരികളുടെ മുദ്രാവാക്യങ്ങളും നിലവിളികളും വ്യഥകളും ഏറ്റുവാങ്ങിയ ചുമരുകളില്‍ ശാന്തിയുടെ അഹിംസാ മന്ത്രങ്ങള്‍ മുഴങ്ങും.

സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും ഒട്ടേറെ ചെറുത്തുനില്‍പ്പുകള്‍ക്കും സാക്ഷിയായ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഇനി മുതല്‍ ഗാന്ധിസ്മൃതി മ്യൂസിയമെന്നറിയപ്പെടും.

ബ്രിട്ടീഷ് കാവല്‍ പട്ടാളത്തെ വെല്ലുവിളിച്ച് സ്വാതന്ത്ര്യ സമര പോരാളികള്‍ യൂണിയന്‍ ജാക്ക് വലിച്ചു താഴ്ത്തി ദേശീയ പതാക ഉയര്‍ത്തി കെട്ടിയ അതേ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിലാണ് സഹന സമരങ്ങള്‍ക്ക് പുത്തന്‍മാനം നല്‍കിയ മാഹാത്മാഗാന്ധിയുടെ പേരിലുള്ള സ്മൃതി മ്യൂസിയം യാഥാര്‍ഥ്യമാകുന്നത്. ഗാന്ധിജിയുടെ ഓര്‍മ്മകള്‍ക്കൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പയ്യന്നൂരെന്ന കൊച്ചുഗ്രാമം നടത്തിയ സമാനതകളില്ലാത്ത ഇടപടെലുകളുടെ ചരിത്രവും മ്യൂസിയം നമുക്ക് പറഞ്ഞു തരും.