സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പണിമുടക്കുന്ന ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെതാണ് ഉത്തരവ്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാണെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാന്‍ ആവശ്യപ്പെട്ടു.