സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കാമുകിയുടെ മുന്പില് വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചെറുപ്പക്കാരനെ കുത്തിക്കൊലപ്പെടുത്തി.
പ്രശ്നം പരിഹരിക്കാനായി അമ്പലത്തിന് മുന്‍പിലേക്ക് വിളിച്ച് വരുത്തിയ ശേഷം ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഹരിഹരനെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മുത്തച്ചനെയും അമ്മാവനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു
കോളജില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായി ഹരിഹരന് പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തില്‍ പെണ്‍കുട്ടി കുറച്ച് ദിവസമായി ഹരിഹരനോട് ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടയില്‍ പലതവണ ഹരിഹരന് പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹരിഹരനേയും സുഹൃത്തുക്കളേയും കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തിയത്. രണ്ട് കൂട്ടരും തമ്മിലുള്ള സംസാരം പതിയെ കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു.
ഹരിഹരനെ കുത്തി നിലത്ത് വീഴ്ത്തിയ ശേഷവും ദേഷ്യം തീരാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മാവന് കാര്ത്തികേയന്, മുത്തച്ചന് ശങ്കര്‍, ബന്ധു വേലുച്ചാമി എന്നിവരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.