സാന്ത്വന സ്പര്‍ശം അദാലത്ത്; ഇതുവരെ ലഭിച്ചത് 2500ലേറെ അപേക്ഷകള്‍ അദാലത്ത് വേദിയിലും അപേക്ഷകള്‍ സ്വീകരിക്കും പ്രവാസികള്‍ക്കായി പ്രത്യേക കൗണ്ടര്‍

മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്ക് ഇതിനകം ലഭിച്ചത് 2500ലേറെ അപേക്ഷകള്‍. റേഷന്‍ കാര്‍ഡ്, റവന്യൂ-പഞ്ചായത്ത് സേവനങ്ങള്‍, ചികില്‍സാ സഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അപേക്ഷകളിലേറെയും. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും മറ്റ് വകുപ്പുകള്‍ക്കും തുടര്‍ നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്.

അദാലത്തിന് മുമ്പ് തന്നെ അപേക്ഷകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഓണ്‍ലൈനായോ അക്ഷയ വഴിയോ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കായി അദാലത്ത് വേദിയില്‍ അപേക്ഷ നല്‍കാന്‍ അവസരമുണ്ടായിരിക്കും. പട്ടയം, ലൈഫ് പദ്ധതി, പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, പ്രളയ നഷ്ടപരിഹാരം സംബന്ധിച്ചവയും ഒഴികെയുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ആധാര്‍, മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധമായും നല്‍കണം.
ഇരിട്ടി താലൂക്കിലെ അദാലത്ത് ഫെബ്രുവരി ഒന്നിന് ഇരിട്ടി നേരമ്പോക്ക് റോഡിലുള്ള ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയം, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോംപൗണ്ട് എന്നിവിടങ്ങളിലാണ് നടക്കുക.

കൊവിഡ് വ്യാധിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികള്‍ക്കായി പ്രത്യേക കൗണ്ടര്‍ അദാലത്ത് വേദിയില്‍ ഒരുക്കുന്നുണ്ട്.
പ്രായമായവരെയും രോഗികളെയും അദാലത്തിലേക്ക് കൊണ്ടുവരരുത്. അവരുടെ ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം അദാലത്തില്‍ ഹാജരായാല്‍ മതി. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളുള്ളവരും അദാലത്തില്‍ വരാതെ പകരം ബന്ധുക്കളെ അയക്കണം. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്തുകള്‍ നടത്തുക. രാവിലെ ഒന്‍പത് മണിക്ക് അദാലത്ത് ആരംഭിക്കും.