സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.
‘നാർമടിപ്പുടവ’ എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ഈ കൃതിക്ക് 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.