സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയർത്തുന്നു.

ന്യൂഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയർത്തുന്നു. നിലവിൽ 18 വയസാണു പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി.

കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കും. പൊതു ഇടങ്ങളിൽ പുകവലിച്ചാൽ ഈടാക്കുന്ന പിഴയിലും വർധനവരുത്താൻ ബില്ലിൽ നിർദേശമുണ്ട്.

സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ(ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് ഉൾപ്പടെ)ഉപയോഗിക്കുന്നതു സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ നിർദേശങ്ങളുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും. പ്രായപരിധിക്ക് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാലുള്ള ശിക്ഷയും വർധിപ്പിക്കും. നിലവിലെ 1000 രൂപ പിഴയും രണ്ടുവർഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവർഷംവരെ തടവുമാക്കാനാണ് ശുപാർശ.

അനധികൃതമായി പുകയില ഉത്പന്നങ്ങൾ നിർമിച്ചാൽ രണ്ടുവർഷം തടവും ഒരു ലക്ഷം പിഴയും നൽകേണ്ടിവരും. നിരോധിതമേഖലയിൽ പുകവലിച്ചാലുള്ള പിഴ 200 രൂപയിൽനിന്ന് 2000 രൂപയായാണ് ഉയർത്തുന്നത്.