സിനിമാ തിയേറ്ററുകൾ അഞ്ച് മുതൽ തുറക്കും

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഈ മാസം അഞ്ച് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി. നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 മാസത്തോളമായി തിയേറ്ററുകൾ അടഞ്ഞിരുന്നതിനാൽ ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകൾ തുറക്കുക. തിയേറ്ററുകളിൽ സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക. പകുതി ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ തിയേറ്ററുകൾക്ക് അനുമതിയുണ്ടാവൂ.

ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങൾ തിയേറ്ററുകൾ പാലിക്കണം. ഇവ ലംഘിച്ചാൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.