സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള സമരം; വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ നേരിടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം മുകേഷ് എംഎൽഎയുടെ സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതും ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. എന്നാൽ കുറേക്കാലമായി അത്തരം സംഭവങ്ങള്‍ അന്യമാണ്. സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാന്‍ സമ്മതിക്കാത്തവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.