സിബിഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതുഅനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം : സിബിഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതുഅനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയ്‌ക്ക് ഇനി കേസുകള്‍ ഏറ്റെടുക്കാനാവില്ല. എന്നാല്‍ നിലവിുലുള്ള അന്വേഷണങ്ങളെ തീരുമാനം ബാധിക്കില്ല.

സി.ബി.ഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നൽകിയിരുന്നു സംസ്ഥാനസർക്കാർ. ആ അനുമതി പത്രമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും.

കേരളത്തിൽ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിർദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിർദേശിച്ചത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.