സില്‍വര്‍ ലൈന്‍ പദ്ധതി നാടിനെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി നാടിനെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു. നിമയസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത് പുത്തരിക്കണ്ടം മൈതാനത്ത് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്ന വി.ഡി. സതീശന്റെ സഭയിലെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വിഭവ സമാഹരണത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. പ്രതിപക്ഷത്തിന്റെ ഏത് നിര്‍ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.

പല പഠനങ്ങള്‍ നടത്തിയിട്ടും ഇതിലും മികച്ച മറ്റൊരു പദ്ധതി കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പദ്ധതിക്ക് തുടക്കം കുറിച്ചവര്‍ തന്നെ ഇപ്പോള്‍ എതിരഭിപ്രായം പറയുകയാണ്. നാട് അതിവേഗതയില്‍ മുന്നോട്ടുപോകാനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അടുത്ത തവണ സഭ ചേരുമ്പോള്‍ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരുത്താനായി വിഷയം വീണ്ടും അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.