സിവിൽ സപ്ലൈസ് ഓഫീസുകൾ ഇ ഓഫീസുകളായി

പൊതുവിതരണ വകുപ്പിന്റെ സമ്പൂർണ്ണ ഇ ഓഫീസ് ജില്ലയായി കണ്ണൂർ. ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നീ താലൂക്ക് സപ്ലൈ ഓഫീസുകളിലെയും കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിലെയും ഫയൽ നീക്കം പൂർണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറി.
2022 ജനുവരിയോടെ പൊതുവിതരണ വകുപ്പിനു കീഴിലെ മുഴുവൻ ഓഫീസുകളും പൂർണ്ണമായും ഇ ഓഫീസുകളാകും. എന്നാൽ ഡിസംബർ 23നകം തന്നെ ജില്ലയിലെ എല്ലാ സപ്ലൈ ഓഫീസുകളും ഇ ഓഫീസുകളായി മാറ്റിയതായി ജില്ല സിവിൽ സപ്ലൈസ് ഓഫീസറുടെ ചാർജ് വഹിക്കുന്ന കെ രാജീവ് അറിയിച്ചു.
ഇ ഓഫീസ് സംവിധാനം വഴി ഫയൽ നീക്കം വേഗത്തിലാക്കാനും സുതാര്യമാക്കാനും സാധിക്കും. ഡിജിറ്റൽ സിഗ്നേച്ചർ വഴി ഉദ്യോഗസ്ഥർക്ക് പരിശോധിക്കുന്നതിനും ഓഫീസ് ഫയലുകൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കാനും കഴിയും.
പൊതുജനങ്ങൾക്ക് ഓഫീസിൽ വരാതെ തന്നെ അപേക്ഷയുടെയും പരാതികളുടെയും തൽസ്ഥിതി https://eoffice.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും. റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും നിലവിൽ ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സിറ്റിസൺ ലോഗിൻ വഴിയുമാണ് സമർപ്പിക്കേണ്ടത്. റേഷൻകാർഡിലെ മാറ്റങ്ങൾക്കായോ പുതിയ റേഷൻ കാർഡിനായോ ഇനി സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല. അപേക്ഷ അംഗീകരിക്കുന്ന മുറക്ക് റേഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ജില്ലാ ബ്രാഞ്ച് മാനേജർ സുചിത്രയുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലെയും ജീവനക്കാർക്ക് ഇത് സംബന്ധിച്ച പരിശീലനം നൽകിക്കഴിഞ്ഞു.