സിൽവർലൈൻ പദ്ധതി ജനങ്ങളെ അണിനിരത്തി ജനങ്ങളുടെ പിന്തുണയോടെ പൂർത്തിയാക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
സിൽവർലൈൻ പദ്ധതി ജനങ്ങളെ അണിനിരത്തി, ജനങ്ങളുടെ പിന്തുണയോടെ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കാനായി സംഘടിപ്പിച്ച വിശദീകരണ യോഗം ‘ജനസമക്ഷം സിൽവർ ലൈൻ’ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യകയായിരുന്നു മന്ത്രി.
ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ, മലയോര ഹൈവേ, കൂടംകുളം പദ്ധതിയിൽനിന്നുള്ള വൈദ്യുതി ലൈൻ, തീരേദേശ ഹൈവേ, കിഫ്ബിയിൽനിന്നുള്ള 63,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കിയപ്പോൾ, വിമർശിച്ചവർ തന്നെ പിന്നീട് അതിന് വേണ്ടി നിലകൊള്ളുന്നവരായി മാറിയിട്ടുണ്ട്. പ്രകൃതി സ്നേഹികൾ ഉൾപ്പെടെ, എതിർക്കുന്നവരെ പറഞ്ഞു മനസ്സിലാക്കിയാൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നതിന്റെ തെളിവാണ് തളിപ്പറമ്പിലെ വയൽക്കിളികൾ ഉൾപ്പെടെ അനുകൂലമായത്. ഇപ്പോൾ ഇത് വേണ്ട എന്ന് പറയുന്ന ചിലരോടുള്ള മറുപടി ‘ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ്.
ജനസാന്ദ്രതയേറിയ കേരളത്തിൽ സിൽവർലൈൻ പദ്ധതി സംബന്ധിച്ച് ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ, എതിർപ്പുകൾ, അനുകൂലമായ നിലപാടുകൾ എല്ലാം സമ്മിശ്രമായി ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉതകുന്ന രീതിയിലുള്ള വിശദീകരണം ആവശ്യമാണ്. സ്വന്തം വീടും പറമ്പും കൃഷിപ്രദേശവും കെ റെയിലിന് വേണ്ടി ഏറ്റെടുക്കും എന്ന് പറയുമ്പോൾ ഉണ്ടാവുന്ന മാനസികപ്രശ്നം നാം അഭിമുഖീകരിക്കുന്നുണ്ടെന്നത് സത്യമാണ്. ഇത് വിട്ടുകൊടുക്കുമ്പോൾ എന്ത് ലഭിക്കും, പുനധിവാസം എങ്ങനെയായിരിക്കും തുടങ്ങിയ ആശങ്കകൾ അനുഭവിക്കുന്നയാൾക്ക് സ്വാഭാവികമാണ്. സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ല. ഡിപിആർ പൊതുജനസമക്ഷം അവതരിപ്പിച്ചത് അതിന്റെ വെളിച്ചത്തിലാണ്. ജനങ്ങളെ മുഖവിലക്കെടുക്കാതെ, ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും മനസ്സിലാക്കി, പ്രതികരണം അറിയിച്ച് മുന്നോട്ടുകൊണ്ടുപോവാതെ ഇത്തരമൊരു ബൃഹത്തായ പദ്ധതി നടപ്പിലാക്കാനാവില്ല.
ഇത് 50 വർഷം മുന്നോട്ടു കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. ഓരോ ദിവസവും വളരുന്ന ലോകത്തിന് അനുസൃതമായി നവീകരണമില്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. ഏറ്റവും നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരണം നടത്തുമ്പോഴും ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വികസന പ്രവർത്തനം നടത്താൻ സാധിക്കൂ. പ്രസിദ്ധീകരിച്ച സിൽവർലൈൻ ഡിപിആറിൽ എന്തെങ്കിലും ഭേദഗതി വരുത്താനുണ്ടെങ്കിൽ വരുത്താമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കടുംപിടുത്തവുമായി നിൽക്കുകയല്ല. ഡിപിആറിൽ പറഞ്ഞതിൽ ഒരു പാട് കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏറ്റെടുക്കുമ്പോൾ ബാക്കിയാവുന്ന ചെറിയ ഭൂമി ഉൾപ്പെടെ ഏറ്റെടുക്കും. 30 മീറ്ററിന് അപ്പുറം മാത്രമേ നിർമ്മാണം നടത്താവൂ എന്ന് ഡിപിആറിൽ പറയുന്നു. അവിടെയും അഞ്ച് മീറ്റർ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. കെ റെയിലിന് രണ്ട് ലൈൻ അല്ലാതെ വേറെ ലൈൻ ആവശ്യമില്ല. ജനങ്ങളുടെ താൽപര്യമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോവും.
പ്രാവർത്തികമാക്കിയാൽ അർധ അതിവേഗ പദ്ധതി കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഒന്നായിരിക്കും. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കാസർകോട്ട് നിന്ന് തിരിവനന്തപുരത്തേക്ക് 560 കിലോ മീറ്റർ മൂന്ന് മണിക്കൂർ 54 മിനിറ്റ് കൊണ്ട് എത്താൻ കഴിയും. 2.75 രൂപയാണ് ഇതിന് കിലോ മീറ്ററിന് വരുന്ന നിരക്ക്. വൈദ്യുതി മന്ത്രി പറഞ്ഞത് നേരത്തെ കണക്കുകൂട്ടിയ വൈദ്യുതിയുടെ പകുതി മതിയാവും എന്നാണ്. എങ്കിൽ യാത്രാ നിരക്ക് ഇനിയും കുറയും. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാവും.
ഇതൊരു വലിയ മൺതിട്ടയാണെന്ന ഉത്കണ്ഠയുടെ ആവശ്യമില്ല. വയലുകളും തണ്ണീർത്തടങ്ങളും പൂർണ്ണമായും സംരക്ഷിച്ചാണ് പാത കടന്നുപോവുക. ഇതിൽ 137 കിലോ മീറ്റർ പാലങ്ങളും തുരങ്കങ്ങളുമായിരിക്കും. വേഗത മണിക്കൂറിൽ 200 കിലോ മീറ്ററായതിനാൽ സ്റ്റാൻഡേർഡ് ഗേജ് വേണം. ബ്രോഡ് ഗേജിൽ പരമാവധി വേഗം മണിക്കൂറിൽ 160 കിലോ മീറ്ററാണ്. 2009-2016ൽ വിഭാവനം ചെയ്ത അതിവേഗ റെയിൽപ്പാതയ്ക്ക് 1.18 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ സിൽവർലൈൻ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത് 63941 കോടി രൂപയാണ്. ഇതിൽ 975 കോടി രൂപ ഇന്ത്യൻ റെയിൽവേയുടെ ഭൂമിയുടെ വിഹിതമാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിഹിതം കഴിച്ച് എ.ഡി.ബി, ജപ്പാനിലെ ബാങ്ക് എന്നിവയിൽനിന്ന് 0.2 ശതമാനം മുതൽ 1.5 ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭിക്കും. ഒമ്പത് ബോഗികളുള്ള വണ്ടിയാണ് ഉദ്ദേശിക്കുന്നത്. 625 യാത്രക്കാർ. പ്രതിദിനം ഒരു വശത്തേക്ക് 37 സർവീസാണ് ഉണ്ടാവുക. തിരക്കുള്ള സമയത്ത് ഓരോ 20 മിനിറ്റിലും ട്രെയിനുണ്ടാവും-മന്ത്രി വിശദീകരിച്ചു.
എതിർപ്പുകളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന്, ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം കൂടി കണക്കിലെടുത്ത് ആറ് വരി ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ മിക്കവാറും പൂർത്തിയാക്കി. സർവീസ് റോഡിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. ഇത് കേരളത്തിന്റെ വികസനത്തിന് നൽകുന്ന കുതിപ്പ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എതിർപ്പിന് വഴങ്ങി അത് ഉപേക്ഷിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു-മന്ത്രി പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. കെ-റെയിൽ എംഡി വി. അജിത്കുമാർ പദ്ധതി വിശദീകരിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കെ-റെയിൽ പ്രൊജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജനറൽ മാനേജർ ജി. അനിൽകുമാർ നന്ദിയും പറഞ്ഞു. ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി. സുമേഷ്, എ.എൻ. ഷംസീർ, മുൻ എം.എൽഎമാരായ പി. ജയരാജൻ, എം.വി. ജയരാജൻ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ തുടങ്ങിയവർ സംബന്ധിച്ചു.