സി.പി.എം വിഭാഗീയതയെക്കുറിച്ച് തുറന്നടിച്ച് കോമത്ത് മുരളീധരൻ

ഫോട്ടോ : പ്രിയങ്ക പി വി

‘തളിപ്പറമ്പിലെ സി.പി.എം വ്യക്തി കേന്ദ്രീകൃതമായി മാറി’

കണ്ണൂർ: തളിപ്പറമ്പിലെ സി.പി.എം വ്യക്തി കേന്ദ്രീകൃതമായി മാറിയെന്ന് അടുത്തിടെ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന മുൻ ഏരിയാ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ. പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത് മുതൽ തന്നെ സി.പി.എമ്മിനകത്ത് ഒറ്റപ്പെടുത്തി തുടങ്ങിയെന്നും കോമത്ത് മുരളീധരൻ വെളിപ്പെടുത്തി. കണ്ണൂർ വിഷൻ ‘രാഷ്ട്രീയവും ജീവിതവും’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പാർട്ടി വിട്ട സാഹചര്യം വിശദീകരിച്ച മുരളീധരൻ സി.പി.എമ്മിനകത്തെ വിഭാഗീയതെക്കുറിച്ചും തുറന്നടിച്ചു. സി.പി.എമ്മിൽ വ്യക്തികൾക്കോ നേതാക്കൾക്കോ താൻ ഇതുവരെ മുദ്രാവാക്യം വിളിച്ചിട്ടില്ല. പ്രസ്ഥാനത്തിന് വേണ്ടി മാത്രമേ മുദ്രാവാക്യം വിളിച്ചിട്ടുള്ളൂ. ചില വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അത് ആത്മഹത്യാപരമാണ്. അധ്വാനിച്ച് ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് താൻ. ഏത് കാര്യം കണ്ടാലും താൻ പ്രതികരിക്കും. പ്രതികരിക്കുന്ന എന്റെ ശൈലി നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. തെറ്റാണെന്ന് തോന്നിയ കാര്യങ്ങൾ സി.പി.എമ്മിന്റെ കമ്മിറ്റിക്കകത്ത് പറഞ്ഞതിന്റെ പേരിൽ ചിലരുടെ ശത്രുതക്ക് പാത്രമായി. ജീവിതത്തിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമാണ് എന്റെയുള്ളിലെ കാർക്കശ്യക്കാരനെ വളർത്തിയത്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐയിൽ വരുന്നത്. നീണ്ട 16 വർഷം സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു. ഏരിയാ കമ്മിറ്റി അംഗമായി ഏരിയാ സെന്ററിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൈബുന്നീസയുമായുള്ള വിവാഹത്തിന്റെ പേരിൽ തീവ്രവാദി സംഘടനയിൽ നിന്നും വലിയ ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഭാര്യ വീട്ടുകാരെ ഊരുവിലക്കി. മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ ജാതിയും മതവും ചേർത്തിട്ടില്ല. മരണം വരെ താനൊരു കമ്മ്യൂണിസ്റ്റായി തുടരുമെന്നും കോമത്ത് മുരളീധരൻ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് രാത്രി 9.30 ന് ‘രാഷ്ട്രീയവും ജീവിതവും’ പരിപാടിയിൽ. പുനസംപ്രേഷണം നാളെ രാവിലെ 7.30 നും ഉച്ചക്ക് 1.30 നും.