സുഗതകുമാരി അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. എൺപത്തിയാറ് വയസ്സായിരുന്നു.

ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്.

അക്കാലത്തെ പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാർത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധർമാർഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വർഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാതെ ഉപേക്ഷിച്ചു.

പ്രധാനകൃതികള്‍: മുത്തുച്ചിപ്പികള്‍, പാതിരാപ്പൂക്കള്‍,  രാത്രിമഴ, അമ്പലമണി, രാധയെവിടെ. വനിതാ കമ്മീഷന്‍ അധ്യക്ഷ, തളിര് മാസിക പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, പദ്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാൻ, മാതൃഭൂമി സാഹിത്യപുരസ്കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങൾ നല്കി സാഹിത്യസാംസ്കാരികലോകം ആദരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധൻ നായരായിരുന്നു ഭർത്താവ്. ലക്ഷ്മി ഏകമകളാണ്.