സെന്‍റ് ഓഫ് ‘അടിച്ച് പൊളിക്കാന്‍’ സാധ്യത; മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: സെന്‍റ് ഓഫിനിടെയുണ്ടാവാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളുടെ കുറുമ്പുകളേക്കുറിച്ച് മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.  മധ്യ വേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിശദമാക്കുന്നു. എന്നാല്‍ ഉത്തരവ് പലവിധ മുന്‍വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമര്‍ശനം.

നേരത്തെ സെന്‍റ് ഓഫ് പരിപാടികള്‍ പലപ്പോഴും കൈവിട്ട കളിയാവുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തല്‍. ന്യൂജനറേഷന്‍ രീതിയിലെ ആഘോഷങ്ങള്‍ പലപ്പോഴും അധ്യാപകര്‍ക്കും തലവേദന ആകാറുണ്ട്.  ചില സെന്‍റ് ഓഫ് ആഘോഷങ്ങള്‍ അധ്യാപകര്‍ക്ക് നേരെ തിരിയുന്ന കാഴ്ചകളും സംസ്ഥാനത്ത് ഉണ്ടായിരുന്നു.