സോളാർ കേസിൽ സിബിഐ എഫ്ഐആര്‍ സമർപ്പിച്ചു; ഉമ്മൻ ചാണ്ടിയടക്കം അഞ്ച് നേതാക്കൾ പ്രതികൾ

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്‌ഐആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സോളാര്‍ കേസില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്‌ഐആര്‍ നല്‍കിയത്. സ്ത്രീപീഡന പരാതി, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളിലാണ് എഫ്‌ഐആര്‍. തിരുവനന്തപുരം സിബിഐ പ്രത്യേക യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.

സോളാര്‍ കേസില്‍ നാല് വര്‍ഷം കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘംറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാരി ആരോപിച്ചതുപോലെ ക്ലിഫ്ഹൗസില്‍ പോയതിനും തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് സിബിഐ എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതോടെ, കേസന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കാനാകും സിബിഐയുടെ ശ്രമം.

2019ല്‍ ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ചിന് പരാതിക്കാരി നല്‍കിയ മൊഴി. ഈ മൊഴി സാധൂകരിക്കുന്നതിനുളള തെളിവുകളില്ലെന്നായിരുന്നു ആദ്യത്തെ അന്വേഷണസംഘത്തിന്റെ വാദം. പരാതി തെളിയിക്കുന്നതിന് സാക്ഷിമൊഴികളും ഇല്ല, ടൂര്‍ രേഖകളടക്കം പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു വാദം. ഇതടക്കമുള്ള എല്ലാ വിവരങ്ങളും സിബിഐ ശേഖരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. കേസിന്റെ വിശദാംശങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.