സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു
തൃശൂര്‍: വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ അറ്റുപോയ വിരലുകള്‍ കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ സ്കൂളിന് സമീപം ഭര്‍ത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിന്‍സി കടയില്‍നിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത് റിയാസ് (26) മുൻപ് യുവതിയുടെ തുണിക്കടയില്‍ ജോലിക്കാരനായിരുന്നു.
പ്രതി റിയാസ് ഇവരുടെ സമീപവാസിയാണ്. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പ്രതിക്കായി തിരച്ചില്‍ തുടങ്ങി. ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്.