സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ വാഹനം എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.മറ്റ് വാഹനങ്ങളില്‍ ”ഓണ്‍ സ്കൂള്‍ ഡ്യൂട്ടി” എന്ന ബോര്‍ഡുവെക്കണം. സ്കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയതായും ഗതാഗതമന്ത്രി ആന്‍റണി രാജു പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്‍റും ഐഡന്‍റിറ്റി കാര്‍ഡും ധരിച്ചിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിനോ അമിത വേഗതയ്ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും ഉറപ്പുവരുത്തണം. വാഹനത്തിന്‍റെ യന്ത്രക്ഷമത ഉറപ്പുവരുത്താന്‍ പരിശോധന നടത്തണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.