സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം:50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാറ്റിവക്കണം
ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ആകെയുള്ള സാധാരണ കിടക്ക, ഓക്‌സിജന്‍ കിടക്ക, ഐ സി യു കിടക്ക, വെന്റിലേറ്റര്‍ എന്നിവയുടെ അമ്പത് ശതമാനം കൊവിഡ്-19 ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഈ മാര്‍ഗനിര്‍ദേശം. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
സ്വകാര്യആശുപത്രികളില്‍ ചികിത്സ നടത്തിവരുന്ന ഡയാലിസിസ് രോഗികള്‍ കൊവിഡ് പോസിറ്റിവ് ആയാല്‍ അവരെ ഡയാലിസിസ് ചെയ്യുന്നതിനായി അതത് ആശുപത്രികളില്‍ തന്നെ പ്രത്യേകം സംവിധാനം ഒരുക്കണം.
പോസിറ്റിവ് ആകുന്നവരുടെയും അഡ്മിഷന്‍-ഡിസ്ചാര്‍ജ് ആകുന്നവരുടെയും വിവരങ്ങളും ആശുപത്രികളിലെ നോര്‍മല്‍ ബെഡ്, ഓക്‌സിജന്‍ ബെഡ് ,ഐ സി യു ,വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ കൃത്യമായ വിവരങ്ങളും യഥാസമയം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നല്‍കണം.
സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന അഡ്മിഷന്‍- ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം എല്ലാ സ്വകാര്യ ആശുപത്രി അധികൃതരും കൃത്യമായി പാലിക്കേണ്ടതും ആയത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉറപ്പു വരുത്തേണ്ടതുമാണ്. മറ്റു അനുബന്ധ രോഗങ്ങള്‍ ഇല്ലാത്ത എ കാറ്റഗറി രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രീതി ആശുപത്രി അധികൃതര്‍ സ്വീകരിക്കരുത്.
പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ കാറ്റഗറി സി രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാല്‍ ജില്ലാ കണ്‍ട്രോള്‍ സെല്‍ മുഖാന്തിരം മാത്രമെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് പരിയാരത്തേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ പാടുള്ളൂ.
എല്ലാ സ്വാകാര്യ ആശുപതികളും ഒരു സര്‍ജ് പ്ലാന്‍ തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോള്‍ ജില്ല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിവരുന്ന ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റിവ് ആകുന്ന പക്ഷം അവരുടെ പ്രസവമടക്കമുള്ള കാര്യങ്ങള്‍ക്കായി അതത് ആശുപത്രികളില്‍ തന്നെ പ്രത്യേകം സംവിധാനം ഒരുക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.