സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര യാത്ര; ചോദ്യം ചെയ്ത് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര യാത്രയ്ക്ക് ഹൈക്കോടതി നല്‍കിയ അനുമതിക്കെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഉത്തരവിട്ടത്. ബെഞ്ചിന്‍്റെ ഉത്തരവ് കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്ന് കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നു. മുന്‍ക്കാല ഉത്തരവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെഎസ്‌ആര്‍ടിസിക്ക് ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ പെര്‍മിറ്റുള്ള ബസുടമകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ദീര്‍ഘദൂര സര്‍വിസിന് സിംഗിള്‍ ബെഞ്ച് നേരത്തേ അനുമതി നല്‍കുകയും ചെയ്തു. ഇതിനെതിരെ കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കുകയും ഹര്‍ജിയില്‍ സ്റ്റേ ഉത്തരവ് ഉണ്ടാവുകയും ചെയ്തിരുന്നു. 140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെയാണ് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്.

സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വിസ് ദൂരം അനുവദിക്കാത്ത വിധം ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് ആക്കി 2020 ജൂലൈയില്‍ ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് നേരത്തേ സ്വകാര്യ ബസുടമകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നത്. കോര്‍പ്പറേഷനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ദീപക് പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്.