സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു

ന്യൂഡൽഹി: സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്വർണത്തിനും വെള്ളിക്കും നിലവിൽ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയിൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും പ്രസംഗത്തിൽ പറഞ്ഞു.

മുമ്പത്തെ നിലയിലാക്കാൻ സ്വർണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും അവർ പറഞ്ഞു.

സ്വർണ കള്ളക്കടത്ത് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ സർക്കാർ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം ജിഎസ്ടി എന്നിവ മൂലം സ്വർണ്ണക്കടത്ത് കൂടിയതെന്ന വിലയിരുത്തലുണ്ടായിരുന്നു.