സ്‌കൂളുകള്‍ തുറന്നത് അഭിമാന നിമിഷം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ജില്ലാതല പ്രവേശനോത്സവം ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു

കൊവിഡ് ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ പ്രതിസന്ധികളെ പോരാട്ട വീര്യത്തോടെ അതിജീവിച്ചു കൊണ്ട് സ്‌കൂളുകള്‍ തുറന്നത് കേരളപ്പിറവി ദിനത്തിലെ അഭിമാന നിമിഷമാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മഹാമാരി, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വിവിധ ചലഞ്ചുകളിലൂടെ പഠനോപകരണങ്ങള്‍ നല്‍കാന്‍ സാധിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ട് സംസ്ഥാനം ചരിത്രം രചിച്ചു. സാധാരണ വിദ്യാഭ്യാസം പൂര്‍ണമാകുന്നതിന് സ്‌കൂള്‍ തുറക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവോടെയാണ് സര്‍ക്കാര്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയത്. കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കി മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നീണ്ട ഇടവേളക്ക് ശേഷം തിരികെയെത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ മികച്ച മുന്നൊരുക്കങ്ങളാണ് ജില്ലയിലെ വിദ്യാലയങ്ങളില്‍ നടന്നത്. ഒരു മാസം മുമ്പു തന്നെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ് വകുപ്പുകളും ചേര്‍ന്നാണ് മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഒന്നാംതരക്കാര്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കിക്കൊണ്ട് ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. വിദ്യാര്‍ഥികളും ജനപ്രതിനിധികളും ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. എം വിജിന്‍ എംഎല്‍എ പ്രവേശനോത്സവ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, സി പി ഷിജു, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, ആര്‍ ഡി ഡി ശിവന്‍ മാസ്റ്റര്‍, എസ് എസ് കെ കോ-ഓര്‍ഡിനേറ്റര്‍ ടി പി അശോകന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ രാജേഷ്, ഹെഡ്മിസ്ട്രസ് എലിസബത്ത് മേഴ്‌സി, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.