സ്‌കൂള്‍ പരിസരങ്ങളില്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന തുടങ്ങി

സ്‌കൂള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനാഭ്യാസ പ്രകടനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന തുടങ്ങി.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സ്‌ക്വാഡുകള്‍ വിദ്യാലയത്തിന്റെ പരിധിയില്‍ മഫ്തിയില്‍ എത്തിയാണ് വീഡിയോ ചിത്രീകരിക്കുന്നത്. അഭ്യാസ പ്രകടനങ്ങള്‍, രൂപമാറ്റം, നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച വാഹനങ്ങള്‍ എന്നിവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ 25000 രൂപ പിഴയും രക്ഷകര്‍ത്താവിനെതിരെ കോടതി മുഖാന്തരം തടവുശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാകും. അതിനാല്‍ എല്ലാ രക്ഷകര്‍ത്താക്കളും കുട്ടികള്‍ വാഹനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഒ പ്രമോദ് കുമാര്‍ അറിയിച്ചു.