കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ.
സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇതു സ്‌കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും ഭാഗമായി മാറിയാൽ ആശങ്കയൊന്നുമില്ലാതെ സ്‌കൂൾ പഠനം തുടങ്ങാൻ കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിന് തന്നെയാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഏതു തരത്തിലായിരിക്കണം സ്‌കൂൾ പ്രവർത്തിക്കേണ്ടതെന്ന മാർഗരേഖ അടുത്ത മാസം അഞ്ചിന് പ്രസിദ്ധീകരിക്കും. എന്നാൽ സ്‌കൂൾ തുറന്നാൽ കുട്ടികളെ സ്‌കൂളുകളിലേക്കയ്ക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അഞ്ചു വയസിനു മുകളിലുള്ള കുട്ടികളിൽ കൊവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവും കൂടുതലായിരിക്കും. കൈ കഴുകൽ, മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഒന്നര വർഷത്തിനിടയിൽ മുടങ്ങിയിട്ടുള്ള പ്രതിരോധ വാക്‌സിനുകൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾക്ക് നൽകണം.
ഓരോ ക്ലാസിലുള്ള കുട്ടികൾക്കും പ്രത്യേകം ഇളവുകൾ നൽകി സ്‌കൂൾ ടോയ്‌ലറ്റ് ഉപയോഗിക്കണം. ഒരു മാസ്‌കിനു പകരം ഒന്നിലധികം മാസ്‌കുകൾ രക്ഷിതാക്കൾ നൽകി വിടണം. വീട്ടിൽ ആർക്കെങ്കിലും പനിയുണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുത്. മാത്രമല്ല മറ്റു രോഗങ്ങളുള്ള കുട്ടികൾ ആദ്യ രണ്ടാഴ്ചത്തേക്ക് സ്‌കൂളിൽ പോകാതിരിക്കുന്നതാണ് ഉത്തമം