സ്‌പെയ്‌സ്‌ എക്‌സ്‌; ഡ്രാഗൺ പേടക വിക്ഷേപണം വിജയം

വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വിക്ഷേപിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ഗവേഷണങ്ങൾക്ക്‌ ഇവർ നേതൃത്വം നൽകും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ്‌ സെന്റിറിൽനിന്ന്‌ ശക്തിയേറിയ ഫാൽക്കൺ റോക്കറ്റാണ്‌ പേടകവുമായി കുതിച്ചത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു വിക്ഷേപണം.

ബഹിരാകാശയാത്രികരെല്ലാം കസ്റ്റം വൈറ്റ് ഫ്ലൈറ്റ് സ്യൂട്ടുകൾ ധരിച്ച് മൂന്ന് വെളുത്ത ടെസ്‌ല എസ്‌.യുവികളിലാണ് കെന്നഡി സ്പേസ് സെന്റർ ലോഞ്ച് പാഡിലേക്ക് എത്തിയത്. ഒപ്പം നാസ, സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിക്ഷേപണം കാണുന്നതിന് നിരവധി പ്രമുഖർ എത്തിയിരുന്നു.

നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ശാസ്ത്രത്തിന്റെ ശക്തിയുടെ തെളിവാണിതെന്നും നമ്മുടെ പുതുമ, വൈദഗ്ദ്ധ്യം, ദൃഢനിശ്ചയം എന്നിവ യോജിപ്പിച്ചുകൊണ്ട് നമുക്ക് നേടാൻ കഴിയുന്നതാണിതെന്നും’ സൂചിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

‘മഹത്തായത്’ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ഭാര്യ കാരെനൊപ്പം വിക്ഷേപണ ചടങ്ങിൽ പങ്കെടുത്ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ദൗത്യത്തെ ‘അമേരിക്കയിലെ മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ കാലഘട്ടം’ എന്ന് വിശേഷിപ്പിച്ചു.