സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷം.
തിരുവനന്തപുരം: കോവിഡ് വാക്സിന്‍ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് ചട്ടം.
പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുൻപുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു. വോട്ടർമാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം.
കോവിഡ് വാക്സിൻ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്സിൻ എപ്പോൾ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തിൽ പരസ്യപ്രചാരണത്തിന് തൊട്ടുമുൻപ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചോദ്യത്തിന് മറുപടിയായി കോവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരില്‍ നിന്നും പണം ഈടാക്കില്ല. കേന്ദ്രത്തില്‍ നിന്ന് എത്ര വാക്സിന്‍ ലഭിക്കുമെന്ന കാര്യമാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.