സൗരോര്‍ജ്ജ പ്രഭയില്‍ ഒമ്പത് വിദ്യാലയങ്ങള്‍; സോളാര്‍ പ്ലാന്റുകള്‍ സമര്‍പ്പിച്ചു
കണ്ണൂര്‍ മണ്ഡലത്തിലെ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റുകളുടെ സമര്‍പ്പണം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപ ചെലവഴിച്ച് ഗവ. പോളിടെക്‌നിക്ക് കോളേജ് തോട്ടട, തളാപ്പ് ഗവ. മിക്‌സഡ് യു പി സ്‌കൂള്‍, കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്എസ്എസ്, കണ്ണൂര്‍ സിറ്റി ഗവ. എച്ച്എസ്എസ്, ചേലോറ ഗവ. എച്ച്എസ്എസ്, നീര്‍ച്ചാല്‍ ഗവ. യുപിഎസ്, താവക്കര ഗവ. യുപിഎസ്, തായത്തെരു ഗവ. എല്‍പിഎസ് എന്നിവടങ്ങളിലാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. അനെര്‍ട്ടിനായിരുന്നു നിര്‍വഹണ ചുമതല.
കെ എസ് ഇബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ചാണ് 62 കിലോവാട്ട് ശേഷി വരുന്ന പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. പ്രതിവര്‍ഷം തൊണ്ണൂറായിരത്തിന് മുകളില്‍ യൂണിറ്റ് വൈദ്യുതി ഈ പ്ലാന്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാവും. വൈദ്യുതി ബില്ലിനത്തില്‍ പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപയുടെ ലാഭമാണ് ഇതിലൂടെ സാധ്യമാകുക. ബാക്കി വരുന്ന വൈദ്യുതി കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയിലേക്ക് കടത്തിവിടുന്നതിലൂടെ വരുമാനവും ഉറപ്പാക്കും.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. അനെര്‍ട്ട് ജില്ലാ പ്രൊജക്ട് എഞ്ചിനീയര്‍ സന്ദീപ് സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ്കുമാര്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ എന്‍ ശ്രീലകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.