സർക്കാറിൻ്റെ ലക്ഷ്യം സാമൂഹ്യനീതിയിലൂന്നിയ സർവ്വതല സ്പർശിയായ വികസനം: മുഖ്യമന്ത്രി

നാടിൻ്റെ വികസനം ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായി ചുരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാച്ച പൊയ്കയിൽ വെള്ളച്ചാൽ വേങ്ങാട് റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിയിലൂന്നിയ സർവ്വതലസ്പർശിയായ വികസനമാണ് സർക്കാറിൻ്റെ ലക്ഷ്യം. അതിനെ ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും ജനം വഴങ്ങില്ല.അതിനാൽ ജനാഭിലാഷം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ ആരും കൊതിക്കുന്ന വിധത്തിൽ വികസിപ്പിക്കും. ബജറ്റിന് പുറത്ത് പണം സമാഹരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന ലക്ഷ്യമാണ് 2016ൽ കിഫ്ബിയിലേക്ക് നയിച്ചത്. അമ്പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തികൾ മുന്നോട്ട് വച്ചപ്പോൾ മലർപ്പൊടിക്കാരൻ്റെ സ്വപ്നം എന്നായിരുന്നു ആക്ഷേപം. എന്നാൽ 62000 കോടി രൂപയുടെ പദ്ധതികളാണ് തയ്യാറാക്കിയത്. അതിൻ്റെ ഫലം നാടിൽ പ്രതിഫലിക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നോക്കൂ. കുട്ടികൾ കൊഴിഞ്ഞു പോയിടത്ത് പുതുതായി ആറ് ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ വന്നത്. വികസനത്തെ എതിർക്കുന്നവർ എതിർക്കട്ടെ അതിന് പുറകെ പോയി സമയം കളയാൻ നേരമില്ല. നമുക്ക് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കണം. അനുദിനം നവീകരിക്കണം. കാലോചിതമായ മാറ്റത്തിന് അത് മാത്രമാണ് വഴി. മുഖ്യമന്ത്രി പറഞ്ഞു.
ഡോ. വി ശിവദാസൻ എം പി അധ്യക്ഷ വഹിച്ചു.
2018-ലെ സി ആർ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപാ ചെലവിലാണ് റോഡ് പണി പൂർത്തിയാക്കിയത്. വേങ്ങാട് പഞ്ചായത്തിലെ കൂടൻ മുക്ക് മുതൽ കുറ്റിപ്പുറം വരെയും പാല ബസാറിൽ നിന്ന് തുടങ്ങി വേങ്ങാട് വരെയും പാച്ചപൊയ്ക മുതൽ ചേരി കമ്പനി വരെയുമായി എട്ട് കിലോമീറ്ററാണ് റോഡ് നിർമ്മിച്ചത്. ചടങ്ങിൽ റോഡ് പണിക്ക് നേതൃത്വം നൽകിയ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി പ്രശാന്ത് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ നൽകി. എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 8 പഞ്ചായത്തുകളിൽ നിർമ്മിച്ച 7 ഹൈമാസ്റ്റ് ലൈറ്റുകളും 48 മിനി മാസ്റ്റ് ലൈറ്റുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മുൻ എംപി കെ കെ രാഗേഷ്, , മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയർ എം അശോക് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് ,തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.