ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്തു നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം – മന്ത്രി വി.അബ്ദുറഹ്മാൻ

തിരുവനന്തപുരം : ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്തു നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. ഇത്തവണ കേരളത്തിൽനിന്ന് 10,331 പേരെയാണ് തെരഞ്ഞെടുത്തത്. കോഴിക്കോട് 6,322 പേർ, കൊച്ചി- 2,213, കണ്ണൂർ- 1,796 എന്നിങ്ങനെയാണ് അനുവദിച്ചത്. കൂടുതൽ പേർ മലപ്പുറത്ത് നിന്നാണ് 3,463. 19,524 പേർ ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലധി കംപേരെ ഹജ്ജിന് തെരഞ്ഞെടുത്തു. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ വെട്ടിക്കുറച്ചെങ്കിലും ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മുൻവർഷങ്ങളിൽ സംസ്ഥാനത്തിന് ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നു. ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തെരഞ്ഞടുപ്പ് നടത്തിയത്. ഈ രീതി പുനഃപരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.