ഹജ്ജ് രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു; നേരത്തെ ഹജ്ജ് ചെയ്തവർക്കും അവസരം
ജിദ്ദ: സൌദിയിൽ ആഭ്യന്തര ഹജ്ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു. നേരത്തെ ഹജ്ജ് ചെയ്തവർക്കും ഇന്ന് മുതൽ വീണ്ടും അപേക്ഷിക്കാം. ശവ്വാൽ 15ന് ഹജ്ജ് പെർമിറ്റുകൾ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.ഒരിക്കല്‍ പോലും ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ഹജ്ജിന് അപേക്ഷിക്കാൻ അവസരം. എന്നാൽ ഇന്ന് മുതൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ നേരത്തെ ഹജ്ജ് ചെയ്ത് അഞ്ച് വർഷമോ അതിൽ കൂടുതലോ ആയവർക്കും അപേക്ഷിക്കാം. ഒരിക്കൽ ഹജ്ജ് ചെയ്ത് 5 വർഷം പൂർത്തിയായവർക്ക് വീണ്ടും ഹജ്ജ് ചെയ്യാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും, ഇത്തവണ തീരെ ഹജ്ജ് ചെയ്യാത്തവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തിൽ മുന്‍ഗണന. ഹജ്ജ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയും നുസുക് ആപ്പ് വഴിയും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പന്ത്രണ്ട് വയസ്സ് പൂർത്തിയായ സ്വദേശികൾക്കും, സൗദിയിൽ താമസ രേഖയുള്ള വിദേശികൾക്കും അപേക്ഷിക്കാം. താമസ രേഖക്ക് ദുൽഹജ്ജ് മാസം അവസാനിക്കുന്നത് വരെ കാലാവധിയുണ്ടായിരക്കണമെന്ന് വ്യവസ്ഥയുണ്ട്. മാരക രോഗങ്ങളും പകർച്ച വ്യാധികളും ബാധിച്ചവർ അപേക്ഷിക്കാൻ പാടില്ല. ആവശ്യമെങ്കിൽ ഒരു അപേക്ഷയിൽ മഹ്റം ഉൾപ്പെടെ 13 ആശ്രിതരെ വരെ ഒറ്റ പാക്കേജിലായി ഉൾപ്പെടുത്താം. 5 വർഷത്തിനുള്ളിലായി ഹജ്ജ് ചെയ്തിട്ടുണ്ടെങ്കിൽ പ്രത്യേക അപേക്ഷ നൽകിയാൽ ഇളവ് ലഭിക്കും. രജിസ്‌ട്രേഷന്‍ മുന്‍ഗണനപ്രകാരമാണ് സീറ്റുകള്‍ അനുവദിക്കുക. ഇതുവരെ ഹജ്ജ് ചെയ്യാത്തവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകര്‍ക്കാണ് ആദ്യ പരിഗണന. കോവിഡ്19, മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ളുവൻസ എന്നിവക്കുള്ള കുത്തിവെപ്പെടുത്തവർക്ക് മാത്രമേ പെർമിറ്റനുവദിക്കുയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന വ്യവസ്ഥകൾ പാലിക്കുന്ന അപേക്ഷകർക്ക് ശവ്വാൽ 15 മുതൽ ഹജ്ജ് പെർമിറ്റുകൾ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.