ഹരിത ഓഡിറ്റ്; ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു

സംസ്ഥാനത്ത് 10000 ഓഫീസുകള്‍ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടന്ന ഹരിത ഓഡിറ്റില്‍ യോഗ്യത നേടിയ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത ഓഫീസ് പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.
ജില്ലയില്‍ 1894 സര്‍ക്കാര്‍ ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

ഇതില്‍ 1260 ഓഫീസുകള്‍ ഗ്രേഡിനര്‍ഹമായി. 110 ടീമുകളെയാണ് ജില്ലയില്‍ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നത്. ഗ്രേഡും സര്‍ട്ടിഫിക്കേഷനും ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 15 ദിവസം കൂടി നല്‍കിക്കൊണ്ട് വീണ്ടും ഹരിത ഓഡിറ്റ് നടത്തും. 100ല്‍ 100 മാര്‍ക്കും എ ഗ്രേഡും നേടിയ സ്‌പെഷ്യല്‍ സബ് ജയില്‍, വൈദ്യുത ഭവന്‍, ജില്ലാ ശുചിത്വ മിഷന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ഹരിത കേരളം മിഷന്‍ എന്നീ ഓഫീസുകളെ ആദരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ വി ചന്ദ്രബാബു മുഖ്യാതിഥിയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, ക്ലീന്‍ കേരള കമ്പനി അസി. മാനേജര്‍ ആശംസ് ഫിലിപ്പ്, ഇ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.